English Bible Languages

Indian Language Bible Word Collections

Bible Versions

English

Tamil

Hebrew

Greek

Malayalam

Hindi

Telugu

Kannada

Gujarati

Punjabi

Urdu

Bengali

Oriya

Marathi

Assamese

Books

Genesis Chapters

Genesis 29 Verses

1 പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി.
2 അവൻ വെളിൻ പ്രദേശത്തു ഒരു കിണർ കണ്ടു. അതിന്നരികെ മൂന്നു ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നു ആയിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നതു; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു.
3 ആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായക്ക്ൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.
4 യാക്കോബ് അവരോടു: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്നു: ഞങ്ങൾ ഹാരാന്യർ എന്നു അവർ പറഞ്ഞു.
5 അവൻ അവരോടു: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നു: അറിയും എന്നു അവർ പറഞ്ഞു.
6 അവൻ അവരോടു: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടു കൂടെ വരുന്നു എന്നു അവർ അവനോടു പറഞ്ഞു.
7 പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്നു അവൻ പറഞ്ഞതിന്നു
8 അവർ: കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു വഹിയാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.
9 അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു.
10 തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു.
11 യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
12 താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
13 ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.
14 ലാബാൻ അവനോടു: നീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവൻ ഒരു മാസകാലം അവന്റെ അടുക്കൽ പാർത്തു.
15 പിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.
16 എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ.
17 ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
18 യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
19 അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു.
20 അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി.
21 അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു.
22 അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
23 എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടു പോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു.
24 ലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
25 നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.
26 അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.
27 ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.
28 യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
29 തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
30 അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവചെയ്തു.
31 ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
32 ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു.
33 അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോൻ എന്നു പേരിട്ടു.
34 അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു ലേവി എന്നു പേരിട്ടു.
35 അവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
×

Alert

×