English Bible Languages

Indian Language Bible Word Collections

Bible Versions

English

Tamil

Hebrew

Greek

Malayalam

Hindi

Telugu

Kannada

Gujarati

Punjabi

Urdu

Bengali

Oriya

Marathi

Assamese

Books

Psalms Chapters

Psalms 104 Verses

1 എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
2 വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
3 അവൻ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
4 അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
5 അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു.
6 നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നു.
7 അവ നിന്റെ ശാസനയാൽ ഓടിപ്പോയി; നിന്റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു -
8 മലകൾ പൊങ്ങി, താഴ്വരകൾ താണു - നീ അവെക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
9 ഭൂമിയെ മൂടുവാൻ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവെക്കു കടന്നുകൂടാത്ത ഒരു അതിർ ഇട്ടു.
10 അവൻ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒലിക്കുന്നു.
11 അവയിൽനിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീർക്കുന്നു;
12 അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
13 അവൻ തന്റെ മാളികകളിൽ നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
14 അവൻ മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
15 അവൻ ഭൂമിയിൽനിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
16 യഹോവയുടെ വൃക്ഷങ്ങൾക്കു തൃപ്തിവരുന്നു; അവൻ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നേ.
17 അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
18 ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
19 അവൻ കാലനിർണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമാനത്തെ അറിയുന്നു.
20 നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
21 ബാലസിംഹങ്ങൾ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
22 സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
23 മനുഷ്യൻ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
24 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.
25 വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ടു.
26 അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിപ്പാൻ നീ ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ടു.
27 തക്കസമയത്തു തീൻ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
28 നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവെക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
29 തിരുമുഖത്തെ മറെക്കുമ്പോൾ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
30 നീ നിന്റെ ശ്വാസം അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
31 യഹോവയുടെ മഹത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
32 അവൻ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവൻ മലകളെ തൊടുന്നു, അവ പുകയുന്നു.
33 എന്റെ ആയുഷ്കാലത്തൊക്കെയും ഞാൻ യഹോവെക്കു പാടും; ഞാൻ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിർത്തനം പാടും.
34 എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.
35 പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിൻ.
×

Alert

×