ശൌൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൌലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൌൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
ശൌൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൌലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.
എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൌൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:
ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങു ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.
ശമൂവേൽ ശൌലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.
ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.