English Bible Languages

Indian Language Bible Word Collections

Bible Versions

English

Tamil

Hebrew

Greek

Malayalam

Hindi

Telugu

Kannada

Gujarati

Punjabi

Urdu

Bengali

Oriya

Marathi

Assamese

Books

Genesis Chapters

Genesis 42 Verses

1 മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോടു: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതു എന്തു?
2 മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.
3 യോസേഫിന്റെ സഹോദരന്മാർ പത്തുപേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.
4 എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
5 അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻ ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
6 യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
7 യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻ ദെശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു.
8 യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല.
9 യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു.
10 അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു;
11 ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു.
12 അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
13 അതിന്നു അവർ: അടിയങ്ങൾ കനാൻ ദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു.
14 യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ.
15 ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല.
16 നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ.
17 അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി.
18 മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ:
19 നിങ്ങൾ പരമാർത്ഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിൻ.
20 എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു.
21 ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവർ തമ്മിൽ പറഞ്ഞു.
22 അതിന്നു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നും ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
23 യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവൻ ഇതു ഗ്രഹിച്ചു എന്നു അവർ അറിഞ്ഞില്ല.
24 അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ചു അവർ കാൺകെ ബന്ധിച്ചു.
25 അവരുടെ ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവർക്കു ചെയ്തുകൊടുത്തു.
26 അവർ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.
27 വഴിയമ്പലത്തിൽവെച്ചു അവരിൽ ഒരുത്തൻ കഴുതെക്കു തീൻ കൊടുപ്പാൻ ചാക്കു അഴിച്ചപ്പോൾ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു,
28 തന്റെ സഹോദരന്മാരോടു: എന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറെച്ചു: ദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
29 അവർ കനാൻ ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു:
30 ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
31 ഞങ്ങൾ അവനോടു: ഞങ്ങൾ പരാമാർത്ഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല.
32 ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു.
33 അതിന്നു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞതു: നിങ്ങൾ പരമാർത്ഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.
34 നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർത്ഥികൾ തന്നേ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം.
35 പിന്നെ അവർ ചാക്കു ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.
36 അവരുടെ അപ്പനായ യാക്കോബ് അവരോടു: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നേ എന്നു പറഞ്ഞു.
37 അതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
38 എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.
×

Alert

×