എന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻ എന്നു പറഞ്ഞു.
മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻ ദേശത്തു വിട്ടേച്ചുപോയി
അവർ യോർദ്ദാന്നക്കരെയുള്ള ഗോരെൻ-ആതാദിൽ എത്തിയപ്പോൾ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിലെ വിലാപം കണ്ടിട്ടു: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേൽ-മിസ്രയീം എന്നു പേരായി; അതു യോർദ്ദാന്നക്കരെ ആകുന്നു.
അവന്റെ പുത്രന്മാർ അവനെ കനാൻ ദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മൿപേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു.
അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.
അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു.
അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.