നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട ദിവസത്തെ നിന്റെ ആയുഷ്കാലം ഒക്കെയും ഓർക്കേണ്ടതിന്നു അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുതു; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടുകൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതു.
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം.
നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ ദാസനും ദാസിയും നിന്റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.
യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു നിന്റെ ദൈവമായ യഹോവെക്കു ഏഴു ദിവസം പെരുനാൾ ആചരിക്കേണം; നിന്റെ അനുഭവത്തിൽ ഒക്കെയും നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ടു നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു.
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാപട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവർ ജനത്തിന്നു നീതിയോടെ ന്യായപാലനം ചെയ്യേണം.