Bible Languages

Indian Language Bible Word Collections

Bible Versions

Books

2 Samuel Chapters

2 Samuel 24 Verses

Bible Versions

Books

2 Samuel Chapters

2 Samuel 24 Verses

1 യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു.
2 അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടു: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു.
3 അതിന്നു യോവാബ് രാജാവിനോടു: യജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോൾ ഉള്ളതിൽ നൂറിരട്ടി വർദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.
4 എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.
5 അവർ യോർദ്ദാൻ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തു വശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.
6 പിന്നെ അവർ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവർ ദാൻ-യാനിലും ചുറ്റി സീദോനിലും ചെന്നു;
7 പിന്നെ അവർ സോർകോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേർ-ശേബയിലേക്കു പുറപ്പെട്ടു.
8 ഇങ്ങനെ അവർ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.
9 യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എട്ടുലക്ഷവും യെഹൂദ്യർ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
10 എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോടു: ഞാൻ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
11 ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ ദാവീദിന്റെ ദർശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാൽ:
12 നീ ചെന്നു ദാവീദിനോടു: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വെക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
13 ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു അവനോടു അറിയിച്ചു: നിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കിൽ മൂന്നു മാസം നിന്റെ ശത്രുക്കൾ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്നു ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാൻ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
14 ദാവീദ് ഗാദിനോടു: ഞാൻ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യിൽ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ എന്നു പറഞ്ഞു.
15 അങ്ങനെ യഹോവ യിസ്രായേലിൽ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാൻ മുതൽ ബേർ-ശേബവരെ ജനത്തിൽ എഴുപതിനായിരം പേർ മരിച്ചുപോയി.
16 എന്നാൽ ദൈവദൂതൻ യെരൂശലേമിനെ ബാധിപ്പാൻ അതിന്മേൽ കൈനീട്ടിയപ്പോൾ യഹോവ അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു ജനത്തിൽ നാശം ചെയ്യുന്ന ദൂതനോടു: മതി, നിന്റെ കൈ പിൻവലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതൻ, യെബൂസ്യൻ അരവ്നയുടെ മെതിക്കളത്തിന്നരികെ ആയിരുന്നു.
17 ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ടു യഹോവയോടു: ഞാനല്ലോ പാപം ചെയ്തതു; ഞാനല്ലോ കുറ്റം ചെയ്തതു; ഈ ആടുകൾ എന്തു ചെയ്തു? നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിന്നും വിരോധമായിരിക്കട്ടെ എന്നു പ്രാർത്ഥിച്ചുപറഞ്ഞു.
18 അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു അവനോടു: നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.
19 യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.
20 അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്നു രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
21 യജമാനനായ രാജാവു അടിയന്റെ അടുക്കൽ വരുന്നതു എന്തു എന്നു അരവ്നാ ചോദിച്ചതിന്നു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാൻ തക്കവണ്ണം യഹോവെക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു ഈ കളം നിന്നോടു വിലെക്കു വാങ്ങുവാൻ തന്നേ എന്നു പറഞ്ഞു.
22 അരവ്നാ ദാവീദിനോടു: യജമാനനായ രാജാവിന്നു ബോധിച്ചതു എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന്നു കാളകളും വിറകിന്നു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.
23 രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിന്നു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.
24 രാജാവു അരവ്നയോടു: അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവെക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കൽ വെള്ളിക്കു വാങ്ങി.
25 ദാവീദ് യഹോവെക്കു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർത്ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.

2-Samuel 24:1 Malayalam Language Bible Words basic statistical display

COMING SOON ...

×

Alert

×