Bible Languages

Indian Language Bible Word Collections

Bible Versions

Books

Numbers Chapters

Numbers 22 Verses

Bible Versions

Books

Numbers Chapters

Numbers 22 Verses

1 യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
2 യിസ്രായേൽ അമോർയ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാൿ അറിഞ്ഞു.
3 ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
4 മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‌രാജാവു സിപ്പോരിന്റെ മകനായ ബാലാൿ ആയിരുന്നു.
5 അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു.
6 നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു.
7 മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
8 അവൻ അവരോടു: ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാൻ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടു കൂടെ പാർത്തു.
9 ദൈവം ബിലെയാമിന്റെ അടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു.
10 ബിലെയാം ദൈവത്തോടു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
11 പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‌രാജാവായി സിപ്പോരിന്റെ മകനായ ബാലാൿ എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
12 ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു.
13 ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
14 മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.
15 ബാലാൿ വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
16 അവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
17 ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാൿ പറയുന്നു എന്നു പറഞ്ഞു.
18 ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല.
19 ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ എന്നു ഉത്തരം പറഞ്ഞു.
20 രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
21 ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
22 അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
23 യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
24 പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു.
25 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു.
26 പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.
27 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു അടിച്ചു.
28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
29 ബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
30 കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു.
31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു:
32 ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.
33 കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
34 ബിലെയാം യഹോവയുടെ ദൂതനോടു: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽനിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
35 യഹോവയുടെ ദൂതൻ ബിലെയാമിനോടു: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
36 ബിലെയാം വരുന്നു എന്നു ബാലാൿ കേട്ടപ്പോൾ അർന്നോൻ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.
37 ബാലാൿ ബിലെയാമിനോടു: ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
38 ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
39 അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിർയ്യത്ത് - ഹൂസോത്തിൽ എത്തി.
40 ബാലാൿ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
41 പിറ്റെന്നാൾ ബാലാൿ ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.

Numbers 22:10 English Language Bible Words basic statistical display

COMING SOON ...

×

Alert

×