Bible Languages

Indian Language Bible Word Collections

Bible Versions

Books

Leviticus Chapters

Leviticus 14 Verses

Bible Versions

Books

Leviticus Chapters

Leviticus 14 Verses

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിതു: അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
3 പുരോഹിതൻ പാളയത്തിന്നു പുറത്തുചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായി എന്നു പുരോഹിതൻ കണ്ടാൽ ശുദ്ധീകരണം
4 കഴിവാനുള്ളവന്നുവേണ്ടി ജീവനും ശുദ്ധിയുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ കൊണ്ടുവരുവാൻ കല്പിക്കേണം.
5 പുരോഹിതൻ ഒരു പക്ഷിയെ ഒരു മൺപാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാൻ കല്പിക്കേണം.
6 ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ അവൻ എടുത്തു ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി
7 കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്റെ മേൽ ഏഴു പ്രാവശ്യം തളിച്ചു അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം.
8 ശുദ്ധീകരണം കഴിയുന്നവൻ വസ്ത്രം അലക്കി രോമം ഒക്കെയും ക്ഷൌരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും; അതിന്റെ ശേഷം അവൻ പാളയത്തിൽ ചെന്നു തന്റെ കൂടാരത്തിന്നു പുറമേ ഏഴു ദിവസം പാർക്കേണം.
9 ഏഴാം ദിവസം അവൻ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവൻ സകല രോമവും ക്ഷൌരം ചെയ്യിച്ചു വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവൻ ശുദ്ധിയുള്ളവനാകും.
10 എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേർത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.
11 ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ നിർത്തേണം.
12 പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അർപ്പിച്ചു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം.
13 അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗം പോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.
14 പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തു കയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
15 പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.
16 പുരോഹിതൻ ഇടങ്കയ്യിൽ ഉള്ള എണ്ണയിൽ വലങ്കയ്യുടെ വിരൽ മുക്കി വിരൽകൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം.
17 ഉള്ളങ്കയ്യിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.
18 പുരോഹിതന്റെ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
19 പുരോഹിതൻ പാപയാഗം അർപ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.
20 പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അർപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
21 അവൻ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേർത്ത ഒരിടങ്ങഴി നേരിയ മാവും
22 ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻ കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി
23 എട്ടാം ദിവസം സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
24 പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻ കുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം;
25 അവൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻ കുട്ടിയെ അറുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
26 പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.
27 പുരോഹിതൻ ഇടത്തുകയ്യിൽ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരൽകൊണ്ടു യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം.
28 പുരോഹിതൻ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.
29 പുരോഹിതൻ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
30 അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ
31 പ്രാവിൻ കുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
32 ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.
33 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:
34 ഞാൻ നിങ്ങൾക്കു അവകാശമായി തരുന്ന കനാൻ ദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ
35 വീട്ടുടമസ്ഥൻ വന്നു വീട്ടിൽ കുഷ്ഠലക്ഷണമുള്ള പ്രകാരം എനിക്കു തോന്നു എന്നു പുരോഹിതനെ അറിയിക്കേണം.
36 അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാൻ പുരോഹിതൻ വടു നോക്കേണ്ടതിന്നു ചെല്ലുംമുമ്പെ വീടു ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതൻ വീടു നോക്കുവാൻ അകത്തു ചെല്ലേണം.
37 അവൻ വടു നോക്കേണം; വീട്ടിന്റെ ചുവരിൽ ഇളമ്പച്ചയും ഇളഞ്ചുവപ്പുമായ കുത്തുകൾ ഉണ്ടായിട്ടു അവ കാഴ്ചെക്കു ചുവരിനെക്കാൾ കുഴിഞ്ഞതായി കണ്ടാൽ പുരോഹിതൻ വീടു വിട്ടു
38 വാതിൽക്കൽ വന്നു വീടു ഏഴു ദിവസത്തേക്കു അടെച്ചിടേണം.
39 ഏഴാം ദിവസം പുരോഹിതൻ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ
40 വടുവുള്ള കല്ലു നീക്കി പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു ഇടുവാൻ പുരോഹിതൻ കല്പിക്കേണം.
41 പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം.
42 പിന്നെ വേറെ കല്ലു എടുത്തു ആ കല്ലിന്നു പകരം വെക്കേണം; വേറെ കുമ്മായം വീട്ടിന്നു തേക്കയും വേണം.
43 അങ്ങനെ കല്ലു നീക്കുകയും വീടു ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായി വന്നാൽ പുരോഹിതൻ ചെന്നു നോക്കേണം;
44 വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നേ; അതു അശുദ്ധം ആകുന്നു.
45 വീട്ടിന്റെ കല്ലും മരവും കുമ്മായവും ഇടിച്ചു പൊളിച്ചു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.
46 വീടു അടെച്ചിരുന്ന കാലത്തു എപ്പോഴെങ്കിലും അതിന്നകത്തു കടക്കുന്നവൻ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.
47 വീട്ടിൽ കിടക്കുന്നവൻ വസ്ത്രം അലക്കേണം ആ വീട്ടിൽ വെച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.
48 വീട്ടിന്നു കുമ്മായം തേച്ചശേഷം പുരോഹിതൻ അകത്തു ചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ടു പുരോഹിതൻ ആ വീടു ശുദ്ധിയുള്ളതു എന്നു വിധിക്കേണം.
49 അപ്പോൾ അവൻ വീടു ശുദ്ധീകരിക്കേണ്ടതിന്നു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പു എന്നിവയെ എടുത്തു
50 ഒരു പക്ഷിയെ മൺപാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.
51 പിന്നെ ദേവദാരു, ഈസോപ്പു, ചുവപ്പു നൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്തു അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം.
52 പക്ഷിയുടെ രക്തം, ഉറവു വെള്ളം, ജിവനുള്ള പക്ഷി, ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.
53 ജീവനുള്ള പക്ഷിയെ പട്ടണത്തിന്നു പുറത്തു വെളിയിൽ വിടേണം; അങ്ങനെ വീട്ടിന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു ശുദ്ധമാകും.
54 ഇതു സകല കുഷ്ഠത്തിന്നും വടുവിന്നും
55 പുറ്റിന്നും വസ്ത്രത്തിന്റെയും വീട്ടിന്റെയും
56 കുഷ്ഠത്തിന്നും തിണർപ്പിന്നും ചുണങ്ങിന്നും ചിരങ്ങിന്നും വെളുത്തപുള്ളിക്കും ഉള്ള പ്രമാണം.
57 എപ്പോൾ അശുദ്ധമെന്നും എപ്പോൾ ശുദ്ധമെന്നും അറിയേണ്ടതിന്നു ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.

Leviticus 14:21 English Language Bible Words basic statistical display

COMING SOON ...

×

Alert

×