Bible Languages

Indian Language Bible Word Collections

Bible Versions

Books

Jeremiah Chapters

Jeremiah 44 Verses

Bible Versions

Books

Jeremiah Chapters

Jeremiah 44 Verses

1 മിസ്രയീംദേശത്തു മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും പാർക്കുന്ന സകല യെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
2 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്മേലും സകലയെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർത്ഥം ഒക്കെയും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.
3 അതു, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധപൂംകാട്ടുവാനും അവയെ സേവിപ്പാനും ചെന്നു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം അവർ ചെയ്ത ദോഷംനിമിത്തമത്രേ.
4 ഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ളേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.
5 എന്നാൽ അവർ അന്യദേവന്മാർക്കു ധൂപംകാട്ടാതവണ്ണം തങ്ങളുടെ ദോഷം വിട്ടുതിരിയേണ്ടതിന്നു ശ്രദ്ധിക്കാതെയും ചെവി ചായിക്കാതെയും ഇരുന്നു.
6 അതുകൊണ്ടു എന്റെ ക്രോധവും കോപവും ചൊരിഞ്ഞു യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ജ്വലിച്ചു; അവ ഇന്നു ശൂന്യവും നാശവും ആയി കിടക്കുന്നു.
7 ആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും
8 നിങ്ങൾ വന്നു പാർക്കുന്ന മിസ്രയീംദേശത്തുവെച്ചു അന്യദേവന്മാർക്കു ധൂപം കാണിച്ചു നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കുന്നതിനാൽ നിങ്ങളെത്തന്നേ ഛേദിച്ചുകളഞ്ഞിട്ടു സകല ഭൂജാതികളുടെയും ഇടയിൽ നിങ്ങൾ ശാപവും നിന്ദയും ആയ്തീരേണ്ടതിന്നും നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്തു?
9 യെഹൂദാദേശത്തും യെരൂശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാർ ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ മറന്നുപോയോ?
10 അവർ ഇന്നുവരെയും തങ്ങളെത്തന്നേ താഴ്ത്തിയില്ല; അവർ ഭയപ്പെടുകയോ ഞാൻ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വെച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.
11 അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനർത്ഥത്തിന്നായിട്ടു, യെഹൂദയെ മുഴുവനും ഛേദിച്ചുകളവാനായിട്ടുതന്നേ, എന്റെ മുഖം നിങ്ങൾക്കു എതിരായി വെക്കുന്നു.
12 മിസ്രയീംദേശത്തു ചെന്നു പാർപ്പാൻ അവിടെ പോകേണ്ടതിന്നു മുഖം തിരിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാൻ പിടിക്കും; അവരെല്ലാവരും മുടിഞ്ഞുപോകും; മിസ്രയീംദേശത്തു അവർ വീഴും; വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും; അവർ ആബാലവൃദ്ധം വാൾകൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവർ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും.
13 ഞാൻ യെരൂശലേമിനെ സന്ദർശിച്ചതുപോലെ മിസ്രയീംദേശത്തു പാർക്കുന്നവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും.
14 മിസ്രയിംദേശത്തുവന്നു പാർക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവർക്കു മടങ്ങിച്ചെന്നു പാർപ്പാൻ ആഗ്രഹമുള്ള യെഹൂദാദേശത്തേക്കു മടങ്ങിപ്പോവാന്തക്കവണ്ണം ചാടിപ്പോകയില്ല, ശേഷിക്കയുമില്ല; വഴുതിപ്പോകുന്ന ചിരല്ലാതെ ആരും മടങ്ങിപ്പോകയില്ല.
15 അതിന്നു തങ്ങളുടെ ഭാര്യമാർ അന്യദേവന്മാർക്കു ധൂപം കാട്ടീട്ടുണ്ടെന്നു അറിഞ്ഞ സകലപുരുഷന്മാരും മഹാസംഘമായി അരികെ നിന്ന സകലസ്ത്രീകളും മിസ്രയീംദേശത്തു പത്രോസിൽ പാർത്ത സകലജനവും യിരെമ്യാവോടു ഉത്തരം പറഞ്ഞതു:
16 നീ യഹോവയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല.
17 ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും അവൾക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങൾ നേർന്നിരിക്കുന്ന നേർച്ച ഒക്കെയും ഞങ്ങൾ നിവർത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നേ; അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനർത്ഥവും നേരിട്ടിരുന്നില്ല.
18 എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലിപകരുന്നതും നിർത്തിയതു മുതൽ ഞങ്ങൾക്കു എല്ലാം ബുദ്ധിമുട്ടു തന്നേ; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.
19 ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടാതെയോ?
20 അപ്പോൾ യിരെമ്യാവു സകലജനത്തോടും, പുരുഷന്മാരും സ്ത്രികളുമായി തന്നോടു ഉത്തരം പറഞ്ഞ സകല ജനത്തോടും തന്നേ, പറഞ്ഞതെന്തെന്നാൽ:
21 യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപംകാട്ടിയതു യഹോവ ഓർത്തില്ലയോ? അവന്റെ മനസ്സിൽ അതു വന്നില്ലയോ?
22 നിങ്ങളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തവും നിങ്ങൾ പ്രവർത്തിച്ച മ്ളേച്ഛതനിമിത്തവും യഹോവെക്കു സഹിപ്പാൻ വഹിയാതെയായി; അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു നിവാസികൾ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീർന്നിരിക്കുന്നു.
23 നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപംകാട്ടി യഹോവയോടു പാപം ചെയ്കകൊണ്ടു, ഇന്നു ഈ അനർത്ഥം നിങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നു.
24 പിന്നെയും യിരെമ്യാവു സകലജനത്തോടും സകലസ്ത്രീകളോടും പറഞ്ഞതു: മിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങൾ എല്ലാവരും യഹോവയുടെ വചനം കേൾപ്പിൻ!
25 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേർന്നിക്കുന്ന നേർച്ചകളെ ഞങ്ങൾ നിവർത്തിക്കും എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറകയും കൈകൊണ്ടു അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു; നിങ്ങളുടെ നേർച്ചകളെ ഉറപ്പാക്കിക്കൊൾവിൻ! നിങ്ങളുടെ നേർച്ചകളെ അനുഷ്ഠിച്ചുകൊൾവിൻ!
26 അതുകൊണ്ടു മിസ്രയീംദേശത്തു പാർക്കുന്ന സകലയെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! മിസ്രയീംദേശത്തെയും ഒരു യെഹൂദനും വായെടുത്തു: യഹോവയായ കർത്താവണ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
27 ഞാൻ അവരുടെ നന്മെക്കായിട്ടല്ല, തിന്മെക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലായെഹൂദന്മാരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.
28 എന്നാൽ വാളിന്നു തെറ്റി ഒഴിയുന്ന ഏതാനും പേർ മിസ്രയീംദേശത്തു നിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാർക്കുന്ന ശേഷം യെഹൂദന്മാർ ഒക്കെയും എന്റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.
29 എന്റെ വചനം നിങ്ങളുടെ തിന്മെക്കായിട്ടു നിവർത്തിയായ്‍വരുമെന്നു നിങ്ങൾ അറിയേണ്ടതിന്നു ഞാൻ ഈ സ്ഥലത്തുവെച്ചു നിങ്ങളെ സന്ദർശിക്കും എന്നതു നിങ്ങൾക്കു ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാടു.
30 ഞാൻ യെഹൂദാരാജാവായ സിദെക്കീയാവെ അവന്റെ ശത്രുവും അവന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവനുമായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിച്ചതുപോലെ ഞാൻ മിസ്രയീംരാജാവായ ഫറവോൻ-ഹോഫ്രയെയും അവന്റെ ശത്രുക്കളുടെ കയ്യിലും അവന്നു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Jeremiah 44:16 English Language Bible Words basic statistical display

COMING SOON ...

×

Alert

×