Bible Languages

Indian Language Bible Word Collections

Bible Versions

Books

Ezra Chapters

Ezra 6 Verses

Bible Versions

Books

Ezra Chapters

Ezra 6 Verses

1 ദാർയ്യവേശ്‌രാജാവു കല്പന കൊടുത്ത പ്രകാരം അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവെച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു.
2 അവർ മേദ്യസംസ്ഥാനത്തിലെ അഹ്മെഥാരാജാധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ടു എഴുതിയിരുന്നതെന്തെന്നാൽ:
3 കോരെശ്‌രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവു കല്പന കൊടുത്തതു: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം: അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ടു ഇടേണം; അതിന്നു അറുപതു മുഴം ഉയരവും അറുപതു മുഴം വീതയും ഉണ്ടായിരിക്കേണം.
4 വലിയ കല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങൾകൊണ്ടു ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവു രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം.
5 അതു കൂടാതെ നെബൂഖദ് നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്റെ സ്ഥലത്തു വരുവാന്തക്കവണ്ണം ദൈവാലയത്തിൽ വെക്കുകയും വേണം.
6 ആകയാൽ നദിക്കു അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥർ-ബോസ്നയേ, നിങ്ങളും നദിക്കു അക്കരെയുള്ള അഫർസ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്നു അകന്നു നിൽക്കേണം.
7 ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുതു; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തു തന്നേ പണിയട്ടെ.
8 ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്കു ചെയ്യേണ്ടതിനെക്കുറിച്ചു ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്നു ആ ആളുകൾക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.
9 അവർ സ്വർഗ്ഗത്തിലെ ദൈവത്തിന്നു സൌരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിന്നും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിന്നുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്നും
10 സ്വർഗ്ഗത്തിലെ ദൈവത്തിന്നു ഹോമയാഗം കഴിപ്പാൻ അവർക്കു ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പു, ഉപ്പു, വീഞ്ഞു, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ പറയുംപോലെ ദിവസംപ്രതി കുറവു കൂടാതെ കൊടുക്കേണ്ടതാകുന്നു.
11 ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വിടു അതുനിമിത്തം കുപ്പക്കുന്നു ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു.
12 ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിന്നു ജനത്തിന്നും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാർയ്യാവേശായ ഞാൻ കല്പന കൊടുക്കുന്നു; ഇതു ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.
13 അപ്പോൾ നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാർയ്യാവേശ്‌രാജാവു കല്പനയയച്ചതുപോലെ തന്നേ ജാഗ്രതയോടെ ചെയ്തു.
14 യെഹൂദന്മാരുടെ മൂപ്പന്മാർ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖർയ്യാവും പ്രവചിച്ചതിനാൽ അവർക്കു സാധിച്ചും വന്നു. അവർ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാർയ്യാവേശിന്റെയും പാർസിരാജാവായ അർത്ഥഹ് ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതു തീർത്തു.
15 ദാർയ്യാവേശ്‌രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാർമാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീർന്നു.
16 യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ കഴിച്ചു.
17 ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠെക്കു നൂറുകാളയെയും ഇരുനൂറു ആട്ടുകൊറ്റനെയും നാനൂറു കുഞ്ഞാടിനെയും യിസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം എല്ലായിസ്രായേലിന്നും വേണ്ടി പാപയാഗത്തിന്നായി പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു
18 മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷെക്കു പുരോഹിതന്മാരെ കൂറുക്കുറായും ലേവ്യരെ തരംതരമായും നിർത്തി.
19 ഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികൾ പെസഹ ആചരിച്ചു.
20 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവർ സകലപ്രവാസികൾക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാർക്കും തങ്ങൾക്കും വേണ്ടി പെസഹ അറുത്തു.
21 അങ്ങനെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന യിസ്രായേൽമക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവർ ഒക്കെയും പെസഹ തിന്നു.
22 യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിൻ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്കു അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.

Ezra 6:12 English Language Bible Words basic statistical display

COMING SOON ...

×

Alert

×