Bible Languages

Indian Language Bible Word Collections

Bible Versions

Books

Exodus Chapters

Exodus 18 Verses

Bible Versions

Books

Exodus Chapters

Exodus 18 Verses

1 ദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിന്നും വേണ്ടി ചെയ്തതു ഒക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.
2 അപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.
3 ഞാൻ അന്യദേശത്തു പരദേശിയായി എന്നു അവൻ പറഞ്ഞതുകൊണ്ടു അവരിൽ ഒരുത്തന്നു ഗേർഷോം എന്നു പേർ.
4 എന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽ നിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.
5 എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പർവ്വതത്തിങ്കൽ അവന്റെ അടുക്കൽ വന്നു.
6 നിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോടു പറയിച്ചു.
7 മോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.
8 മോശെ തന്റെ അമ്മായപ്പനോടു യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയിൽ തങ്ങൾക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും വിവരിച്ചു പറഞ്ഞു.
9 യഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാ നന്മനിമിത്തവും യിത്രോ സന്തോഷിച്ചു.
10 യിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ചു മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.
11 യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ.
12 മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന്നു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
13 പിറ്റെന്നാൾ മോശെ ജനത്തിന്നു ന്യായം വിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു.
14 അവൻ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്തു? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കയും ചെയ്യുന്നതു എന്തു എന്നു അവൻ ചോദിച്ചു.
15 മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.
16 അവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.
17 അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു:
18 നീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.
19 ആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.
20 അവർക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക.
21 അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും നിയമിക്ക.
22 അവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും.
23 നീ ഈ കാര്യം ചെയ്കയും ദൈവം അതു അനുവദിക്കയും ചെയ്താൽ നിനക്കു നിന്നുപൊറുക്കാം. ഈ ജനത്തിന്നൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകയുമാം.
24 മോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
25 മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും ജനത്തിന്നു തലവന്മാരാക്കി.
26 അവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കും.
27 അതിന്റെ ശേഷം മോശെ തന്റെ അമ്മായപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.

Exodus 18:23 English Language Bible Words basic statistical display

COMING SOON ...

×

Alert

×