Bible Languages

Indian Language Bible Word Collections

Bible Versions

Books

Deuteronomy Chapters

Deuteronomy 3 Verses

Bible Versions

Books

Deuteronomy Chapters

Deuteronomy 3 Verses

1 അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോൾ ബാശാൻ രാജാവായ ഓഗും അവന്റെ സർവ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയിൽവെച്ചു പടയേറ്റു.
2 എന്നാറെ യഹോവ എന്നോടു: അവനെ ഭയപ്പെടരുതു; ഞാൻ അവനെയും അവന്റെ സർവ്വജനത്തെയും ദേശത്തെയും നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു: ഹെശ്ബോനിൽ പാർത്തിരുന്ന അമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.
3 അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാൻ രാജാവായ ഓഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കയ്യിൽ ഏല്പിച്ചു; അവന്നു ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.
4 അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് ദേശം ഒക്കെയും
5 നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു; ആ പട്ടണങ്ങൾ എല്ലാം ഉയർന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ടു ഉറപ്പിച്ചിരുന്നു.
6 ഹെശ്ബോൻ രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിർമ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിർമ്മൂലമാക്കി.
7 എന്നാൽ നാൽക്കാലികളെ ഒക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ടു എടുത്തു.
8 ഇങ്ങനെ അക്കാലത്തു അമോർയ്യരുടെ രണ്ടു രാജാക്കന്മാരുടെയും കയ്യിൽനിന്നു യോർദ്ദാന്നക്കരെ അർന്നോൻ താഴ്വര തുടങ്ങി ഹെർമ്മോൻ പർവ്വതംവരെയുള്ള ദേശവും -
9 സീദോന്യർ ഹെർമ്മോന്നു സീർയ്യോൻ എന്നും അമോർയ്യരോ അതിന്നു സെനീർ എന്നു പേർ പറയുന്നു -
10 സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തുൾപ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾവരെയുള്ള ബാശാൻ മുഴുവനും നാം പിടിച്ചു. -
11 ബാശാൻ രാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്റെ മഞ്ചം അമ്മോന്യനഗരമായ രബ്ബയിൽ ഉണ്ടല്ലോ? അതിന്നു പുരുഷന്റെ കൈക്കു ഒമ്പതു മുഴം നീളവും നാലുമുഴം വീതിയും ഉണ്ടു. -
12 ഈ ദേശം നാം അക്കാലത്തു കൈവശമാക്കി അർന്നോൻ താഴ്വരയരികെയുള്ള അരോവേർമുതൽ ഗിലെയാദ് മലനാട്ടിന്റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും കൊടുത്തു.
13 ശേഷം ഗിലെയാദും ഓഗിന്റെ രാജ്യമായ ബാശാൻ മുഴുവനും അര്ഗ്ഗോബ് ദേശം മുഴുവനും ഞാൻ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേർ പറയുന്നു.
14 മനശ്ശെയുടെ മകനായ യായീർ ഗെശൂർയ്യരുടെയും മാഖാത്യരുടെയും അതിർവരെ അര്ഗ്ഗോബ് ദേശം മുഴുവനും പിടിച്ചു തന്റെ പേരിൻ പ്രകാരം ബാശാന്നു ഹവോത്ത് - യായീർ എന്നു പേർ ഇട്ടു; ഇന്നുവരെ ആ പേർ തന്നേ പറഞ്ഞു വരുന്നു.
15 മാഖീരിന്നു ഞാൻ ഗിലെയാദ് ദേശം കൊടുത്തു.
16 രൂബേന്യർക്കും ഗാദ്യർക്കും ഗിലെയാദ് മുതൽ അർന്നോൻ താഴ്വരയുടെ മദ്ധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോൿ തോടുവരെയും
17 കിന്നേറെത്ത് തുടങ്ങി കിഴക്കോട്ടു പിസ്ഗയുടെ ചരിവിന്നു താഴെ ഉപ്പുകടലായ അരാബയിലെ കടൽവരെ അരാബയും യോർദ്ദാൻ പ്രദേശവും ഞാൻ കൊടുത്തു.
18 അക്കാലത്തു ഞാൻ നിങ്ങളോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം
19 നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാർക്കട്ടെ; ആടുമാടുകൾ നിങ്ങൾക്കു വളരെ ഉണ്ടു എന്നു എനിക്കു അറിയാം.
20 യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാർക്കും സ്വസ്ഥത നല്കുകയും യോർദ്ദാന്നക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശത്തെ അവർ കൈവശമാക്കുകയും ചെയ്യുവോളം തന്നേ. പിന്നെ നിങ്ങൾ ഓരോരുത്തൻ ഞാൻ നിങ്ങൾക്കു തന്നിട്ടുള്ള അവകാശത്തിന്നു മടങ്ങിപ്പോരേണം.
21 അക്കാലത്തു ഞാൻ യോശുവയോടു ആജ്ഞാപിച്ചതു: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെ തന്നേ ചെയ്യും.
22 നിങ്ങൾ അവരെ ഭയപ്പെടരുതു; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുന്നതു.
23 അക്കാലത്തു ഞാൻ യഹോവയോടു അപേക്ഷിച്ചു:
24 കർത്താവായ യഹോവേ, നിന്റെ മഹത്വവും നിന്റെ ഭുജവിര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്റെ ക്രിയകൾപോലെയും നിന്റെ വീര്യപ്രവൃത്തികൾപോലെയും ചെയ്‍വാൻ കഴിയുന്ന ദൈവം സ്വർഗ്ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളു?
25 ഞാൻ കടന്നുചെന്നു യോർദ്ദാന്നക്കരെയുള്ള നല്ല ദേശവും മനോഹരമായ പർവ്വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.
26 എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോടു: മതി; ഈ കാര്യത്തെക്കുറിച്ചു ഇനി എന്നോടു സംസാരിക്കരുതു;
27 പിസ്ഗയുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാൺക;
28 ഈ യോർദ്ദാൻ നീ കടക്കയില്ല; യോശുവയോടു കല്പിച്ചു അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവൻ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവൻ അവർക്കു അവകാശമായി പങ്കിട്ടു കൊടുക്കും എന്നു അരുളിച്ചെയ്തു.
29 അങ്ങനെ നാം ബേത്ത്--പെയോരിന്നെതിരെ താഴ്വരയിൽ പാർത്തു.

Deuteronomy 3:8 English Language Bible Words basic statistical display

COMING SOON ...

×

Alert

×