മോശെ എല്ലായിസ്രയേലിനെയും വിളിച്ചുകൂട്ടി പറഞ്ഞതു എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവെച്ചു നിങ്ങൾ കാൺകെ ഫറവോനോടും അവന്റെ സകലഭൃത്യന്മാരോടും അവന്റെ സർവ്വദേശത്തോടും ചെയ്തതു ഒക്കെയും നിങ്ങൾ കണ്ടുവല്ലോ;
നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്റെ പിതാക്കന്മാരോടു അവൻ സത്യംചെയ്തതുപോലെയും ഇന്നു നിന്നെ തനിക്കു ജനമാക്കേണ്ടതിന്നും താൻ നിനക്കു ദൈവമായിരിക്കേണ്ടതിന്നും
ആ ജാതികളുടെ ദേവന്മാരെ ചെന്നു സേവിക്കേണ്ടതിന്നു ഇന്നു നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാൻ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും യാതൊരു കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുതു; നഞ്ചും കൈപ്പുമുള്ള ഫലം കായക്കുന്ന യാതൊരുവേരും അരുതു.
അങ്ങനെയുള്ളവൻ ഈ ശാപവചനങ്ങളെ കേൾക്കുമ്പോൾ: വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന്നു ഞാൻ എന്റെ ഹൃദയത്തിന്റെ കാഠിന്യപ്രകാരം നടന്നാലും എനിക്കു സുഖം ഉണ്ടാകുമെന്നു പറഞ്ഞു തന്റെ ഹൃദയത്തിൽ തന്നെത്താൻ അനുഗ്രഹിക്കും.
അവനോടു ക്ഷമിപ്പാൻ യഹോവെക്കു മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്റെ നേരെ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും അവന്റെ മേൽ വരും; യഹോവ ആകാശത്തിൻ കീഴിൽ നിന്നു അവന്റെ നാമം മായിച്ചുകളയും.
ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകലശാപങ്ങൾക്കും തക്കവണ്ണം യഹോവ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിന്നായി വേറുതിരിക്കും.
യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ
അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.
മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവെക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്റെ സകലവചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന്നു എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളവയാകുന്നു.