Bible Languages

Indian Language Bible Word Collections

Bible Versions

Books

Deuteronomy Chapters

Deuteronomy 28 Verses

Bible Versions

Books

Deuteronomy Chapters

Deuteronomy 28 Verses

1 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും.
2 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;
3 വയലിൽ നീ അനുഗ്രഹിക്കപ്പെടും.
4 നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
5 നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
6 അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും.
7 നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകും.
8 യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും.
9 നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
10 യഹോവയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
11 നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും.
12 തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല.
13 ഞാൻ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
14 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
15 എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും:
16 പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.
17 നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
18 നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;
19 അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും.
20 എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്‌പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപേകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
21 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.
22 ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
23 നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
24 യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും.
25 ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽ നിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും.
26 നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
27 പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
28 ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
29 കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല.
30 നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
31 നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽ നിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല.
32 നിന്റെ പുത്രന്മാരരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.
33 നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാർ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.
34 നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്കു ഭ്രാന്തു പിടിക്കും.
35 സൌഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും.
36 യഹോവ നിന്നെയും നീ നിന്റെ മേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.
37 യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
38 നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.
39 നീ മുന്തിരിത്തോട്ടങ്ങൾ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നു കളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
40 ഒലിവുവൃക്ഷങ്ങൾ നിന്റെ നാട്ടിൽ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
41 നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവർ നിനക്കു ഇരിക്കയില്ല; അവർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
42 നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.
43 നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയർന്നുയർന്നു വരും; നീയോ താണുതാണുപോകും.
44 അവർ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാൻ നിനക്കു ഉണ്ടാകയില്ല; അവൻ തലയും നീ വാലുമായിരിക്കും.
45 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവൻ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുർന്നുപിടിക്കയും ചെയ്യും.
46 അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
47 സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു
48 യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്റെ കഴുത്തിൽ ഒരു ഇരിമ്പുനുകം വെക്കും.
49 യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
50 വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
52 നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.
53 ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
54 നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യൻ തന്റെ സഹോദരനോടും തന്റെ മാർവ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
55 ലുബ്ധനായി അവരിൽ ആർക്കും താൻ തിന്നുന്ന തന്റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
56 ദേഹമാർദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാൽ നിലത്തുവെപ്പാൻ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാർവ്വിടത്തിലെ ഭർത്താവിന്നും തന്റെ മകന്നും മകൾക്കും തന്റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
57 ശത്രു നിന്റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുർല്ലഭത്വംനിമിത്തം അവൾ അവരെ രഹസ്യമായി തിന്നും.
58 നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ
59 യഹോവ നിന്റെ മേലും നിന്റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂർവ്വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും
60 നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവൻ നിന്റെമേൽ വരുത്തും. അവ നിന്നെ പറ്റിപ്പിടിക്കും.
61 ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത
62 സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേൽ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങൾ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേൾക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.
63 നിങ്ങൾക്കു ഗുണംചെയ്‍വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
66 നിന്റെ ജീവൻ നിന്റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാർക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
67 നിന്റെ ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോൾ: സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തു: നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.
68 നീ ഇനി കാണുകയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കൾക്കു അടിയാരും അടിയാട്ടികളുമായി വില്പാൻ നിർത്തും; എന്നാൽ നിങ്ങളെ വാങ്ങുവാൻ ആരും ഉണ്ടാകയില്ല.

Deuteronomy 28:46 English Language Bible Words basic statistical display

COMING SOON ...

×

Alert

×