Bible Languages

Indian Language Bible Word Collections

Bible Versions

Books

2 Samuel Chapters

2 Samuel 7 Verses

Bible Versions

Books

2 Samuel Chapters

2 Samuel 7 Verses

1 യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി രാജാവിന്നു സ്വസ്ഥത നല്കിയശേഷം രാജാവു തന്റെ അരമനയിൽ വസിക്കുംകാലത്തു
2 ഒരിക്കൽ രാജാവു നാഥാൻ പ്രവാചകനോടു: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.
3 നാഥാൻ രാജാവിനോടു: നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
4 എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാടു നാഥാന്നു ഉണ്ടായതു എന്തെന്നാൽ:
5 എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിന്നു നീ എനിക്കു ഒരു ആലയം പണിയുമോ?
6 ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ച നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നതു.
7 എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?
8 ആകയാൽ നീ എന്റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കിനടക്കുമ്പോൾ തന്നേ എടുത്തു.
9 നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർ പോലെ ഞാൻ നിന്റെ പേർ വലുതാക്കും.
10 ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല.
11 ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്കു ഒരു ഗൃഹം ഉണ്ടാക്കുമെന്നു യഹോവ നിന്നോടു അറിയിക്കുന്നു.
12 നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോൾ ഞാൻ നിനക്കു പിന്തുടർച്ചയായി സ്ഥിരപ്പെടുത്തുകയും അവന്റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.
13 അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
14 ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
15 എങ്കിലും നിന്റെ മുമ്പിൽനിന്നു ഞാൻ തള്ളിക്കളഞ്ഞ ശൌലിങ്കൽനിന്നു ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.
16 നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.
17 ഈ സകലവാക്കുകൾക്കും ദർശനത്തിന്നും ഒത്തവണ്ണം നാഥാൻ ദാവീദിനോടു സംസാരിച്ചു.
18 അപ്പോൾ ദാവീദ്‍രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കർത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
19 കർത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്കു ഉപദേശമല്ലോ?
20 ദാവീദ് ഇനി നിന്നോടു എന്തു പറയേണ്ടു? കർത്താവായ യഹോവേ, നീ അടിയനെ അറിയുന്നു.
21 നിന്റെ വചനംനിമിത്തവും നിന്റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വൻകാര്യം ഒക്കെയും ചെയ്തു അടിയനെ അറിയിച്ചിരിക്കുന്നതു.
22 അതുകൊണ്ടു കർത്താവായ യഹോവേ, നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.
23 നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്റെ ജനം കാൺകെ അവർക്കുവേണ്ടി വൻകാര്യവും അവരുടെ ദേശത്തിന്നുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ.
24 നിന്റെ ജനമായ യിസ്രായേലിനെ നിനക്കു എന്നേക്കും ജനമായിരിപ്പാൻ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവർക്കു ദൈവമായ്തീർന്നുമിരിക്കുന്നു.
25 ഇപ്പോഴും കർത്താവായ യഹോവേ, നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.
26 സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്നു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ.
27 ഞാൻ നിനക്കു ഒരു ഗൃഹം പണിയുമെന്നു നീ അടിയന്നു വെളിപ്പെടുത്തിയതുകൊണ്ടു, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോടു ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു.
28 കർത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
29 ആകയാൽ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന്നു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കർത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.

2 Samuel 7:18 English Language Bible Words basic statistical display

COMING SOON ...

×

Alert

×