Bible Languages

Indian Language Bible Word Collections

Bible Versions

Books

1 Samuel Chapters

1 Samuel 20 Verses

Bible Versions

Books

1 Samuel Chapters

1 Samuel 20 Verses

1 ദാവീദ് രാമയിലെ നയ്യോത്തിൽനിന്നു ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
2 അവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.
3 ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവൻ ഇതു ഗ്രഹിക്കരുതു എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.
4 അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
5 ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
6 നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ളേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
7 കൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
8 എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
9 അതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
10 ദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.
11 യോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
12 പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തർഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
13 എന്നാൽ നിന്നോടു ദോഷം ചെയ്‍വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കുമാറാകട്ടെ.
14 ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
15 എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
16 ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
17 യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
18 പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
19 മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
20 അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്നഭാവത്തിൽ മൂന്നു അമ്പു എയ്യും.
21 നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
22 എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
23 ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
24 ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.
25 രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
26 അന്നു ശൌൽ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.
27 അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌൽ തന്റെ മകനായ യോനാഥാനോടു: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
28 യോനാഥാൻ ശൌലിനോടു: ദാവീദ് ബേത്ത്ളേഹെമിൽ പോകുവാൻ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു:
29 ഞങ്ങളുടെ കുലത്തിന്നു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.
30 അപ്പോൾ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
31 യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
32 യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.
33 അപ്പോൾ ശൌൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
34 യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
35 പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
36 അവൻ തന്റെ ബാല്യക്കാരനോടു: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.
37 യോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.
38 പിന്നെയും യോനാഥാൻ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഓടിവരിക, നിൽക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.
39 എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.
40 പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
41 ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.
42 യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.

1 Samuel 20:11 English Language Bible Words basic statistical display

COMING SOON ...

×

Alert

×