സന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങൾ എവിടെ വെച്ചുകൊള്ളും?
ഞാൻ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാൻ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.
അതുകൊണ്ടു കർത്താവു സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.
എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്വാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവൻ പറയുന്നുവല്ലോ.
യിസ്രായേലേ, നിന്റെ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.
ഓറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.