അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
പ്രഭുവോ അവൻ പ്രഭുവായിരിക്കയാൽ യഹോവയുടെ സന്നിധിയിൽ ഭോജനം കഴിപ്പാൻ അവിടെ ഇരിക്കേണം; അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതിൽകൂടി പുറത്തു പോകയും വേണം.
പിന്നെ അവൻ എന്നെ വടക്കെ ഗോപുരംവഴിയായി ആലയത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു; ഞാൻ നോക്കി, യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.
നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങൾ ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാൻ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ളേച്ഛതകൾക്കും പുറമെ നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചർമ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതു.
അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതിൽക്കൽ എല്ലാം ശുശ്രൂഷകന്മാരായി കാവൽനിന്നു ആലയത്തിൽ ശുശ്രൂഷ ചെയ്യേണം; അവർ ജനത്തിന്നുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്തു അവർക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ മുമ്പിൽ നിൽക്കേണം.
അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്തു, യിസ്രായേൽഗൃഹത്തിന്നു അകൃത്യഹേതുവായ്തീർന്നതുകൊണ്ടു ഞാൻ അവർക്കു വിരോധമായി കൈ ഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവർ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങൾ ചെയ്ത മ്ളേച്ഛതകളും വഹിക്കേണം.
യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അർപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നിൽക്കയും വേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അവർ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങൾ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.
വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവർ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.
വ്യവഹാരത്തിൽ അവർ ന്യായം വിധിപ്പാൻ നിൽക്കേണം; എന്റെ വിധികളെ അനുസരിച്ചു അവർ ന്യായം വിധിക്കേണം; അവർ ഉത്സവങ്ങളിലൊക്കെയും എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.
വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യേണ്ടതിന്നു അവൻ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവൻ പാപയാഗം അർപ്പിക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാർക്കുള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം.