അപ്പോൾ യോശുവ സർവ്വ ജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാർത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.
എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാൻ ദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വർദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.
യിസ്ഹാക്കിന്നു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാൻ സേയീർപർവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങൾ കടലിന്നരികെ എത്തി; മിസ്രയീമ്യർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്നു;
അവർ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ നിങ്ങൾക്കും മിസ്രയീമ്യർക്കും മദ്ധ്യേ അന്ധകാരം വെച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാൻ മിസ്രയീമ്യരോടു ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങൾ ഏറിയ കാലം മരുഭൂമിയിൽ കഴിച്ചു.
പിന്നെ ഞാൻ നിങ്ങളെ യോർദ്ദാന്നക്കരെ പാർത്തിരുന്ന അമോർയ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവൻ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
പിന്നെ നിങ്ങൾ യോർദ്ദാൻ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോ നിവാസികൾ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.
ഞാൻ നിങ്ങളുടെ മുമ്പിൽ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പിൽനിന്നു അമോർയ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകെണ്ടും അല്ല.
നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു അനുഭവമായിരിക്കുന്നു.
യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോർയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.
ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങൾ കാൺകെ ആ വലിയ അടയാളങ്ങൾ പ്രവർത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.
യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങൾ തന്നേ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നേ സാക്ഷികൾ എന്നു അവർ പറഞ്ഞു.
പിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിൻ കീഴെ നാട്ടിയുംവെച്ചു യോശുവ സകലജനത്തോടും:
ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.