ശൌൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൌൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സർവ്വജനത്തിന്നും ശൌലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു.
അപ്പോൾ ശൌൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു.
പിറ്റെന്നാൾ ദൈവത്തിന്റെ പക്കൽ നിന്നുള്ള ദുരാത്മാവു ശൌലിന്മേൽ വന്നു; അവൻ അരമനക്കകത്തു ഉറഞ്ഞുപറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൌലിന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു.
അനന്തരം ശൌൽ ദാവീദിനോടു: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൌൽ വിചാരിച്ചു.
അവൾ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിന്നും ഞാൻ അവളെ അവന്നു കൊടുക്കും എന്നു ശൌൽ വിചാരിച്ചു ദാവീദിനോടു: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
പിന്നെ ശൌൽ തന്റെ ഭൃത്യന്മാരോടു: നിങ്ങൾ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു.
ശൌലിന്റെ ഭൃത്യന്മാർ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങൾക്കു തോന്നുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
അതിന്നു ശൌൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌൽ കരുതിയിരുന്നു.
അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചർമ്മംകൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌൽ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാർത്ഥനായിരുന്നു; അവന്റെ പേർ വിശ്രുതമായ്തീർന്നു.