അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകളങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.
അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
ശലോമോൻ രാജാവു സ്വമേധയാ ശെബാരാജ്ഞിക്കു രാജൌചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോൻ രാജാവു അവൾക്കു കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
ശലോമോൻ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.