കീശിന്റെ മകനായ ശൌലിന്റെ നിമിത്തം ദാവീദ് ഒളിച്ചുപാർത്തിരുന്നപ്പോൾ സീക്ളാഗിൽ അവന്റെ അടുക്കൽ വന്നർ ആവിതു--അവർ വീരന്മാരുടെ കൂട്ടത്തിൽ അവന്നു യുദ്ധത്തിൽ തുണചെയ്തു;
പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻ പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.
ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടു: നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കൾക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.
അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാർ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൌലിന്റെ നേരെ യുദ്ധത്തിന്നു ചെന്നപ്പോൾ മനശ്ശേയരിൽ ചിലരും അവനോടു ചേർന്നു; അവർ അവർക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാർ ആലോചിച്ചിട്ടു: അവൻ നമ്മുടെ തലയുംകൊണ്ടു തന്റെ യജമാനനായ ശൌലിന്റെ പക്ഷം തിരിയും എന്നു പറഞ്ഞു അവനെ അയച്ചുകളഞ്ഞു.
അങ്ങനെ അവൻ സീക്ളാഗിൽ ചെന്നപ്പോൾ മനശ്ശെയിൽനിന്നു അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി എന്നീ മനശ്ശേയ സഹസ്രാധിപന്മാർ അവനോടു ചേർന്നു.
യിസ്സാഖാർയ്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്നു അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാർ ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.