നിന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുതു; നിന്റെ മുന്തിരിത്തോട്ടത്തിൽ വീണുകിടക്കുന്ന പഴം പെറുക്കയും അരുതു. അവയെ ദരിദ്രന്നും പരദേശിക്കും വിട്ടേക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേർക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലർന്ന വസ്ത്രം ധരിക്കരുതു.
ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു;
അവൻ ചെയ്ത പാപത്തിന്നായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്തപാപം അവനോടു ക്ഷമിക്കും.
നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതു പോലെ ഇരിക്കേണം; അതു തിന്നരുതു.
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.