Bible Languages

Indian Language Bible Word Collections

Bible Versions

English

Tamil

Hebrew

Greek

Malayalam

Hindi

Telugu

Kannada

Gujarati

Punjabi

Urdu

Bengali

Oriya

Marathi

Books

Isaiah Chapters

Isaiah 43 Verses

1 ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.
2 നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
3 നിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.
4 നീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.
5 ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.
6 ഞാൻ വടക്കിനോടു: തരിക എന്നും തെക്കിനോടു: തടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും
7 എന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.
8 കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.
9 സകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ.
10 നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
11 ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.
12 നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ.
13 ഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?
14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ടു ഓടുമാറാക്കും.
15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.
16 സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും
17 രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേൽക്കയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.
18 മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.
19 ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.
20 ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാൻ കൊടുക്കേണ്ടതിന്നു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.
21 ഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.
22 എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.
23 നിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല.
24 നീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.
25 എന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.
26 എന്നെ ഓർപ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊൾക.
27 നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു.
28 അതുകൊണ്ടു ഞാൻ വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിന്നും, യിസ്രായേലിനെ നിന്ദെക്കും ഏല്പിച്ചിരിക്കുന്നു.
×

Alert

×