യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു.
വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.
യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.
സ്ത്രീയോടു കല്പിച്ചതു: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.
മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും.
യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു.
ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.