ദാവീദ്‌രാജാവു എഴുന്നേറ്റുനിന്നു പറഞ്ഞതു എന്തെന്നാൽ: എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിന്നുമായി ഒരു വിശ്രമാലയം പണിവാൻ എനിക്കു താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ വട്ടംകൂട്ടിയിരുന്നു.
എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന്നു രാജാവായിരിപ്പാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽ വെച്ചു എന്നെ എല്ലായിസ്രായേലിന്നും രാജാവാക്കുവാൻ അവന്നു പ്രസാദം തോന്നി.
എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാൻ തിരഞ്ഞെടുത്തിരിക്കുന്നു.
അവൻ എന്നോടു: നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന്നു പിതാവായിരിക്കും.
അവൻ ഇന്നു ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിപ്പാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്നു അരുളിച്ചെയ്തിരിക്കുന്നു.
ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ പറയുന്നതു: നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിൻ.
നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.
പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെല്ലാറ്റെയും കുറിച്ചു തന്റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകാവിവരവും അവന്നു കൊടുത്തു.
വെള്ളിയും പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും വേണ്ടുന്ന തൂക്കമായി ഓരോവിളക്കുതണ്ടിന്നും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്കു ഓരോ തണ്ടിന്റെയും ഉപയോഗത്തിന്നു തക്കവണ്ണം അതതു തണ്ടിന്നും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
മുൾകൊളുത്തുകൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും വേണ്ടുന്ന തങ്കവും പൊൻകിണ്ടികൾക്കു ഓരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.
ധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു.
പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞതു: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവർത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.