ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവർ അറുപത്തിരണ്ടുപേർ;
വാതിൽകാവൽക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖർയ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
കിഴക്കെ വാതിൽക്കൽ ആറു ലേവ്യരും വടക്കെ വാതിൽക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതിൽക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൌലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്കു യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കിവച്ചു.