അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു.
അവൻ എന്നോടു പറഞ്ഞതു: ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.
ഞാൻ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.