സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയൻ എവിടെ പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങൾ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.
എന്റെ പ്രാവും എന്റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവൾ തന്റെ അമ്മെക്കു ഏകപുത്രിയും തന്നെ പ്രസവിച്ചവൾക്കു ഓമനയും ആകുന്നു; കന്യകമാർ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളും കൂടെ അവളെ പുകഴ്ത്തും.
ഞാൻ തോട്ടിന്നരികെയുള്ള സസ്യങ്ങളെ കാണേണ്ടതിന്നും മുന്തിരിവള്ളി തളിർക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിന്നും അക്രോത്ത് തോട്ടത്തിലേക്കു ഇറങ്ങിച്ചെന്നു.
മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; നിങ്ങൾ മഹനീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്മാൻ ആഗ്രഹിക്കുന്നതു എന്തിന്നു?