എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ!
ഞാൻ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണർന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്റെ പ്രിയന്റെ സ്വരം: എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകൾ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
ഞാൻ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവൻ സംസാരിച്ചപ്പോൾ ഞാൻ വിവശയായിരുന്നു; ഞാൻ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാൻ അവനെ വിളിച്ചു; അവൻ ഉത്തരം പറഞ്ഞില്ല.
സ്ത്രീകളിൽ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു.