അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അതു ആചരിക്കേണം.
എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ടു ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു:
ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു.
എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവൻ തന്റെ പാപം വഹിക്കേണം.
നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം.
തിരുനിവാസം നിവിർത്തുനിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.
യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ ഒക്കെയും അവർ പാളയമടിച്ചു താമസിക്കും,
ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; ഉഷഃകാലത്തു മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും.
രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ ആവസിച്ചിരുന്നാൽ യിസ്രായേൽമക്കൾ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവർ പുറപ്പെടും.
യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.