ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണകൂടങ്ങളും മൂടേണം.
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചു കെട്ടുകയും വേണം.
പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.
അവർ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്നു അവരിൽ ഓരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.
പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങൾ ഒക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം.
ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം.
ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂൺ, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവർ എടുക്കേണ്ടുന്ന ഉപകരണങ്ങൾ നിങ്ങൾ പേർവിവരമായി അവരെ ഏല്പിക്കേണം.
യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ താന്താന്റെ വേലയ്ക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവൻ അവരെ എണ്ണി.