യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോർമ്മാ എന്നു പേരായി.
ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.
ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു.
അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും.
അവിടെനിന്നു പുറപ്പെട്ടു അമോർയ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽ കൂടി ഒഴുകുന്ന അർന്നോൻ തോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോർയ്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു:
ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങൾ നിന്റെ അതിർകഴിയുംവരെ രാജപാതയിൽകൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.
എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവൻ യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.
ഹെശ്ബോൻ അമോർയ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു.
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോർയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
അപ്പോൾ യഹോവ മോശെയോടു: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാർത്ത അമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു.