യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തിൽനിന്നു ഓരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.
ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.
അവർ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
അവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
അവർ യാത്രചെയ്തു പാറാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
തങ്ങൾ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുർവ്വർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ;
അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെ തന്നേ ആയിരുന്നു.