“മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.
ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ?
ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ?