അതിനെ സ്തോത്രമായി അർപ്പിക്കുന്നു എങ്കിൽ അവൻ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അർപ്പിക്കേണം.
ആ എല്ലാവഴിപാടിലും അതതു വകയിൽ നിന്നു ഒരോന്നു യഹോവെക്കു നീരാജനാർപ്പണമായിട്ടു അർപ്പിക്കേണം; അതു സമാധാന യാഗത്തിന്റെ രക്തം തളിക്കുന്ന പുരോഹിതന്നു ഇരിക്കേണം.
സമാധാനയാഗത്തിന്റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അർപ്പിക്കുന്നവന്നു കണക്കിടുകയുമില്ല; അതു അറെപ്പായിരിക്കും; അതു തിന്നുന്നവൻ കുറ്റം വഹിക്കേണം.
മനുഷ്യന്റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറെപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവെക്കുള്ള സാമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്റെ നെഞ്ചും ഉദർച്ചയുടെ കൈക്കുറകും ഞാൻ എടുത്തു പുരോഹിതനായ അഹരോന്നും പുത്രന്മാർക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.
ഇതു അഹരോനെയും പുത്രന്മാരെയും യഹോവെക്കു പുരോഹിതശുശ്രൂഷ ചെയ്വാൻ പ്രതിഷ്ഠിച്ച നാൾമുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്നു അഹരോന്നുള്ള ഓഹരിയും അവന്റെ പുത്രന്മാർക്കുള്ള ഓഹരിയും ആകുന്നു.
യഹോവെക്കു തങ്ങളുടെ വഴിപാടുകൾ കഴിപ്പാൻ അവൻ യിസ്രായേൽമക്കളോടു സീനായിമരുഭൂമിയിൽവെച്ചു അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായിപർവ്വതത്തിൽ വെച്ചു ഇവ കല്പിച്ചു.