നിന്റെ മതിപ്പുപോലെ കൊടുപ്പാൻ കഴിയാതവണ്ണം ഒരുത്തൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തേണം; പുരോഹിതൻ അവനെ മതിക്കേണം; നേർന്നവന്റെ പ്രാപ്തിക്കു ഒത്തവണം പുരോഹിതൻ അവനെ മതിക്കേണം.
തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കിൽ അതു വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.
ഒരുത്തൻ തന്റെ വീടു യഹോവെക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതൻ അതു മതിക്കേണം. പുരോഹിതൻ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം.
ഒരുത്തൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവെക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർയവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെൽ വെള്ളി മതിക്കേണം.
യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്കു ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറെക്കേണം.
അതു അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലെക്കു അതിനെ വിൽക്കേണം.
എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാർപ്പിതവും വിൽക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാർപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു.