യിസ്രായേൽമക്കൾ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നിൽക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാൻ യഹോവ ആകുന്നു.
നീ അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽമക്കൾ യഹോവെക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താൽ അവനെ എന്റെ മുമ്പിൽനിന്നു ഛേദിച്ചുകളയേണം; ഞാൻ യഹോവ ആകുന്നു.
ആകയാൽ അവർ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേൽ പാപം വരുത്തുകയും അതിനാൽ മരിക്കയും ചെയ്യാതിരിപ്പാൻ അവ പ്രമാണിക്കേണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.
നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേല്‍മക്കളോടും പറയേണ്ടതു എന്തെന്നാൽ: യിസ്രായേല്‍ഗൃഹത്തിലോ യിസ്രായേലില്‍ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവെക്കു ഹോമയാഗമായിട്ടു അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ
അന്യന്റെ കയ്യിൽനിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അർപ്പിക്കരുതു; അവെക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല.