അനന്തരം എഫ്രയീമ്യർ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടു: നീ അമ്മോന്യരോടു യുദ്ധംചെയ്വാൻ പോയപ്പോൾ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങൾ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.
നിങ്ങൾ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോൾ ഞാൻ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങൾ എന്നോടു യുദ്ധംചെയ്വാൻ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു.
അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങൾ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാർ ആകുന്നു എന്നു എഫ്രയീമ്യർ പറകകൊണ്ടു ഗിലെയാദ്യർ അവരെ സംഹരിച്ചുകളഞ്ഞു.
ഗിലെയാദ്യർ എഫ്രയീംഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ പിടിച്ചു; എഫ്രയീമ്യപലായിതന്മാരിൽ ഒരുത്തൻ: ഞാൻ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോൾ ഗിലെയാദ്യർ അവനോടു: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവൻ പറഞ്ഞാൽ
അവർ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാൻ കഴിയായ്കകൊണ്ടു അവൻ സിബ്ബോലെത്ത് എന്നു പറയും. അപ്പോൾ അവർ അവനെ പിടിച്ചു യോർദ്ദാന്റെ കടവുകളിൽവെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരിൽ നാല്പത്തീരായിരം പേർ വീണു.
അവന്നു മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാർക്കു മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.