അപ്പോൾ യഹോവ യോശുവയോടു: അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.
യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻ വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നിർമ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.
ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേൽമക്കൾ തങ്ങൾക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേൻ ദേശം ഒക്കെയും താഴ്വീതിയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻ താഴ്വരയിലെ ബാൽ-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാൻ തക്കവണ്ണം അവർ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.
അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാ മലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളിൽനിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിർമ്മൂലമാക്കി.
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.