ബാബേൽരാജാവായ നെബൂഖദ് നേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻ മുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു.
യഹോവ എന്നോടു: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിന്നു ഞാൻ: അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാൻ വിചാരിക്കും.
ഞാൻ യഹോവ എന്നു എന്നെ അറിവാൻ തക്കഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായുമിരിക്കും; അവർ പൂർണ്ണഹൃദയത്തോടെ എങ്കലേക്കു തിരിയും.
എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
ഞാൻ അവരെ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഭീതിയും അനർത്ഥവും ഞാൻ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും.