എസ്രാ ഇങ്ങനെ ദൈവാലയത്തിന്നു മുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർത്ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയോരു സഭ അവന്റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.
അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവു എസ്രയോടു പറഞ്ഞതു: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്നു അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിന്നു വേണ്ടി ഇനിയും പ്രത്യാശയുണ്ടു.
ഇപ്പോൾ ആ സ്ത്രീകളെ ഒക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കല്പനയിങ്കൽ വിറെക്കുന്നവരുടെയും നിർണ്ണയപ്രകാരം നീക്കിക്കളവാൻ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന്നു അനുസാരമായി നടക്കട്ടെ.
അങ്ങനെ എസ്രാ എഴുന്നേറ്റു ഈ വാക്കു പോലെ ചെയ്യേണ്ടതിന്നു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലായിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവർ സത്യം ചെയ്തു.
എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്നു എഴുന്നേറ്റു എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ അറയിൽ ചെന്നു പ്രവാസികളുടെ ദ്രോഹംനിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാർത്തു.
പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിർണ്ണയപ്രകാരം മൂന്നു ദിവസത്തിന്നകം ആരെങ്കിലും വരാതെയിരുന്നാൽ അവന്റെ വസ്തുവക ഒക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽ നിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദയിലും യെരൂശലേമിലും പ്രസിദ്ധമാക്കി.
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റു അവരോടു: നിങ്ങൾ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വർദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്വിൻ എന്നു പറഞ്ഞു.
എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവ്വസഭെക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.
പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാര്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്റെ സഹോദരന്മാരിലും; മയശേയാവു, എലീയേസെർ, യാരീബ്, ഗെദല്യാവു എന്നിവർ തന്നേ.