ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്റെ കയ്യിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നേ, ശോധനചെയ്‍വാൻ ഞാൻ മനസ്സുവെച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യൻ അറിയുന്നില്ല; സർവ്വവും അവരുടെ മുമ്പിൽ ഇരിക്കുന്നു താനും.
എല്ലാവർക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാന്നും ദുഷ്ടന്നും നല്ലവന്നും നിർമ്മലന്നും മലിനന്നും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവന്നും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.
എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; അതിന്റെ ശേഷമോ അവർ മരിച്ചവരുടെ അടുക്കലേക്കു പോകുന്നു.
സൂര്യന്നു കീഴെ അവൻ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊൾക; അതല്ലോ ഈ ആയുസ്സിലും സൂര്യന്റെ കീഴിൽ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി.
മനുഷ്യൻ തന്റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യർ, പെട്ടെന്നു വന്നു കൂടുന്ന ദുഷ്കാലത്തു കണിയിൽ കുടുങ്ങിപ്പോകുന്നു.
ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യർ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങൾ പണിതു.