English Bible Languages

Indian Language Bible Word Collections

Bible Versions

English

Tamil

Hebrew

Greek

Malayalam

Hindi

Telugu

Kannada

Gujarati

Punjabi

Urdu

Bengali

Oriya

Marathi

Books

Acts Chapters

Acts 7 Verses

1 ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതൻ ചോദിച്ചതിന്നു അവൻ പറഞ്ഞതു:
2 സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:
3 നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.
4 അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.
5 അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
6 അവന്റെ സന്തതി അന്യദേശത്തു ചെന്നു പാർക്കും; ആ ദേശക്കാർ അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.
7 അവർ സേവിക്കുന്ന ജാതിയെ ഞാൻ ന്യായം വിധിക്കും; അതിന്റെ ശേഷം അവർ പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.
8 പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ൿ യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
9 ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
10 എന്നാൽ ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളിൽനിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തു: അവൻ അവനെ മിസ്രയീമിന്നും തന്റെ സർവ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
11 മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാർക്കു ആഹാരം കിട്ടാതെയായി.
12 മിസ്രായീമിൽ ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
13 രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താൻ അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്‍വന്നു.
14 യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവർ ആകെ എഴുപത്തഞ്ചുപേരായിരുന്നു.
15 യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.
16 അവരെ ശെഖേമിൽ കൊണ്ടുവന്നു ശെഖേമിൽ എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയിൽ അടക്കം ചെയ്തു.
17 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോൾ ജനം മിസ്രയീമിൽ വർദ്ധിച്ചു പെരുകി.
18 ഒടുവിൽ യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമിൽ വാണു.
19 അവൻ നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കൾ ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.
20 ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടിൽ പോറ്റി.
21 പിന്നെ അവനെ പുറത്തിട്ടപ്പോൾ ഫറവോന്റെ മകൾ അവനെ എടുത്തു തന്റെ മകനായി വളർത്തി.
22 മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.
23 അവന്നു നാല്പതു വയസ്സു തികയാറായപ്പോൾ യിസ്രായേൽ മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സിൽ തോന്നി.
24 അവരിൽ ഒരുത്തൻ അന്യായം ഏല്ക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.
25 ദൈവം താൻ മുഖാന്തരം അവർക്കു രക്ഷ നല്കും എന്നു സഹോദരന്മാർ ഗ്രഹിക്കും എന്നു അവൻ നിരൂപിച്ചു; എങ്കിലും അവർ ഗ്രഹിച്ചില്ല.
26 പിറ്റെന്നാൾ അവർ കലഹിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ അടുക്കൽ വന്നു: പുരുഷന്മാരെ, നിങ്ങൾ സഹോദരന്മാരല്ലോ; തമ്മിൽ അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാൻ നോക്കി.
27 എന്നാൽ കൂട്ടുകാരനോടു അന്യായം ചെയ്യുന്നവൻ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങൾക്കു അധികാരിയും ന്യായകർത്താവും ആക്കിയതു ആർ?
28 ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
29 ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാൻ ദേശത്തു ചെന്നു പാർത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
30 നാല്പതാണ്ടു കഴിഞ്ഞപ്പോൾ സീനായ്മലയുടെ മരുഭൂമിയിൽ ഒരു ദൈവദൂതൻ മുൾപടർപ്പിലെ അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി.
31 മോശെ ആ ദർശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാൻ അടുത്തുചെല്ലുമ്പോൾ:
32 ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കർത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാൻ തുനിഞ്ഞില്ല.
33 കർത്താവു അവനോടു: നീ നില്ക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു ഊരിക്കളക.
34 മിസ്രയീമിൽ എന്റെ ജനത്തിന്റെ പീഡ ഞാൻ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാൻ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോൾ വരിക; ഞാൻ നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
35 നിന്നെ അധികാരിയും ന്യായകർത്താവും ആക്കിയതാർ എന്നിങ്ങനെ അവർ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുൾപടർപ്പിൽ പ്രത്യക്ഷനായ ദൂതൻ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
36 അവൻ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
37 ദൈവം നിങ്ങളുടെ സഹോദരന്മാരിൽ നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേൽ മക്കളോടു പറഞ്ഞ മോശെ അവൻ തന്നേ.
38 സീനായ്മലയിൽ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയിൽ ഇരുന്നവനും നമുക്കു തരുവാൻ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവൻ തന്നേ.
39 നമ്മുടെ പിതാക്കന്മാർ അവന്നു കീഴ്പെടുവാൻ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു:
40 ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമിൽനിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
41 അന്നേരം അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയിൽ ഉല്ലസിച്ചുകൊണ്ടിരുന്നു.
42 ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു.
43 “യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻ ദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ; എന്നാൽ ഞാൻ നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
44 നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീർക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവൻ കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
45 നമ്മുടെ പിതാക്കന്മാർ അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
46 അവൻ ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാൻ അനുവാദം അപേക്ഷിച്ചു.
47 ശലോമോൻ അവന്നു ഒരു ആലയം പണിതു.
48 അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ലതാനും
49 “സ്വർഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം?
50 എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകൻ പറയുന്നുവല്ലോ.
51 ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു.
52 പ്രവാചകന്മാരിൽ ഏവനെ നിങ്ങളുടെ പിതാക്കന്മാർ ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുൻഅറിയിച്ചവരെ അവർ കൊന്നുകളഞ്ഞു.
53 അവന്നു നിങ്ങൾ ഇപ്പോൾ ദ്രോഹികളും കുലപാതകരും ആയിത്തീർന്നു; നിങ്ങൾ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.
54 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
55 അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗ്ഗത്തിലേക്കു ഉറ്റുനോക്കി, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നില്ക്കുന്നതും കണ്ടു:
56 ഇതാ, സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞു.
57 അവർ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,
58 അവനെ നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാൽക്കൽ വെച്ചു.
59 കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയിൽ അവർ അവനെ കല്ലെറിഞ്ഞു.
60 അവനോ മുട്ടുകുത്തി: കർത്താവേ, അവർക്കു ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവൻ നിദ്രപ്രാപിച്ചു.
×

Alert

×