അവൻ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥകൂതിരകളിൽ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീർന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.