പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു.
ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിർബ്ബന്ധിച്ചു. പിന്നെത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാൽക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു.
അവൻ അവനോടു: നീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവൾ: ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.
അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.
പിന്നെ അവൾ തന്റെ ഭർത്താവിനെ വിളിച്ചു: ഞാൻ വേഗത്തിൽ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
അവൾ ചെന്നു കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തുകണ്ടപ്പോൾ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്നു അവളെ എതിരേറ്റു:
അവൾ പർവ്വതത്തിൽ ദൈവപുരുഷന്റെ അടുക്കൽ എത്തിയപ്പോൾ അവന്റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാൻ അടുത്തുചെന്നാറെ ദൈവപുരുഷൻ: അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.
ഉടനെ അവൻ ഗേഹസിയോടു: നീ അര കെട്ടി എന്റെ വടിയും കയ്യിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
ഗേഹസി അവർക്കു മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണർച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവൻ അവനെ എതിരേല്പാൻ മടങ്ങിവന്നു: ബാലൻ ഉണർന്നില്ല എന്നു അറിയിച്ചു.
പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു.
അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
അവർക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.
അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.