അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ് നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോൾ യഹോവ കൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു;
യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.
യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.
അവൻ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടു പോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഖണ്ഡിച്ചുകളഞ്ഞു.
എല്ലാ യെരൂശലേമ്യരെയും സകലപ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവൻ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്തു എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല.
യെഹോയാഖീനെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയി.
സകല ബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേൽരാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബേൽരാജാവിനോടു മത്സരിച്ചു.