ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ്, ചെയ്തതുപോലെ തന്റെ ദൈവമായ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.
അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
അക്കാലത്തു അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകൻ പേക്കഹും യെരൂശലേമിന്നു നേരെ യുദ്ധത്തിന്നു പുറപ്പെട്ടുവന്നു ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാൻ അവർക്കു കഴിഞ്ഞില്ല.
അന്നു അരാംരാജാവായ രെസീൻ ഏലത്ത് വീണ്ടെടുത്തു അരാമിനോടു ചേർത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു; അരാമ്യർ ഏലത്തിൽ വന്നു ഇന്നുവരെയും അവിടെ പാർക്കുന്നു.
ആഹാസ് അശ്ശൂർരാജാവായ തിഗ്ളത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്നു എന്നോടു എതിർത്തിരിക്കുന്ന അരാംരാജാവിന്റെ കയ്യിൽനിന്നും യിസ്രായേൽരാജാവിന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവൻ ആലയത്തിന്റെ മുൻ വശത്തു തന്റെ യാഗപീഠത്തിന്നും യഹോവയുടെ ആലയത്തിന്നും മദ്ധ്യേനിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടു പോയി വെച്ചു.
ആഹാസ്‌രാജാവു പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെ മേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്നു ഇറക്കി ഒരു കല്ത്തളത്തിന്മേൽ വെച്ചു.
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകൻ ഹിസ്കീയാവു അവന്നു പകരം രാജാവായി.