എന്നാൽ യോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജാകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും അഥല്യാ കണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ടു അവനെ കൊല്ലുവാൻ ഇടയായില്ല.
ഏഴാം ആണ്ടിൽ യെഹോയാദാ ആളയച്ചു കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ചു തന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോടു സഖ്യത ചെയ്തു; അവൻ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവെച്ചു സത്യം ചെയ്യിച്ചിട്ടു അവർക്കു രാജകുമാരെനെ കാണിച്ചു അവരോടു കല്പിച്ചതു എന്തെന്നാൽ:
മൂന്നിൽ ഒരു ഭാഗം സൂർപടിവാതിൽക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതിൽക്കലും കാവൽ നിൽക്കേണം; ഇങ്ങനെ നിങ്ങൾ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം.
നിങ്ങൾ എല്ലാവരും താന്താന്റെ ആയുധം ധരിച്ചു രാജാവിന്റെ ചുറ്റും നിൽക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും. നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. യെഹോയാദാപുരോഹിതൻ കല്പിച്ചതുപോലെ ഒക്കെയും ശതാധിപന്മാർ ചെയ്തു;
അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടും ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവന്നു കൊടുത്തു; ഇങ്ങനെ അവർ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ടു കൈകൊട്ടി; രാജാവേ, ജയജയ എന്നു ആർത്തു.
ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.
അപ്പോൾ യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാർക്കു കല്പന കൊടുത്തു; അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; അവളെ അനുഗമിക്കുന്നവനെ വാൾകൊണ്ടു കൊല്ലുവിൻ എന്നു അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവെച്ചു അവളെ കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.
പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടെച്ചുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബിലപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നു കളഞ്ഞു. പുരോഹിതൻ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെയും നിയമിച്ചു.
അവൻ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നു ഇറക്കി അകമ്പടികളുടെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടു പോയി; അവൻ രാജാസനം പ്രാപിച്ചു.